നമ്മുടെ ചുറ്റുപാടും ഒന്നു ശ്രദ്ധാപൂർവ്വം കണ്ണോടിച്ചു നോക്കൂ. അവിടെ ചിരിച്ചുകൊണ്ടു കാണാവുന്നതും കാണിച്ചുകൊടുക്കാവുന്നതും ഇരുത്തി ചിന്തിപ്പിക്കാവുന്നതുമായ ഒട്ടനവധി കാര്യങ്ങൾ സംഭവിച്ചു കൊണ്ടേയിരിക്കുന്നുണ്ട്.
നമ്പ്യാർ, നായനാർ, സഞ്ജയൻ,സനൽകുമാർ.പി. സി, വി. കെ.എൻ, വേളൂർകൃഷ്ണൻകുട്ടി, ഇ. വി കൃഷ്ണപ്പിള്ള, ഇന്നസെന്റ് തുടങ്ങിയ ഹാസ്യപ്രതിഭകൾ സാമൂഹിക ഭാവത്താൽ സാർത്ഥകങ്ങളും ചിന്തോത്തേജകങ്ങളുമായ അത്തരം കാഴ്ചകൾ ചൂണ്ടിക്കാണിച്ച് നമ്മെ വളരെയേറെ ചിരിപ്പിച്ചിട്ടും ചിന്തിപ്പിച്ചിട്ടുമുണ്ട്. ഇവരെല്ലാം നടന്ന നർമ്മവീഥിയിലൂടെ സഞ്ചരിച്ചുകൊണ്ട് ചിന്തോത്തേജക കഥകളുമായി ഫലിതരംഗത്തേക്ക് കടന്നുവരുന്ന ഒരു നവപ്രതിഭയാണ് ശ്രീമതി മേരി ജോസി മലയിൽ.
നിത്യജീവിതത്തിൽ പ്രായേണ നമ്മുടെ ദൃഷ്ടിയിൽ പെട്ടിട്ടും നാം അത്ര ശ്രദ്ധിക്കാത്ത സംഭവങ്ങളെ നർമ്മ ബോധോത്ഭാസിതമായ നിരീക്ഷണ ചാതുര്യത്തോടെ ആഖ്യാനവത്കരിക്കുന്ന അവരുടെ കൃതിയാണ് 'ഒരു വ്യത്യസ്ത പാഷനും മറ്റു ചില കഥകളും'. മലയാളിയുടെ പൊതുബോധത്തെ അടയാളപ്പെടുത്തുന്ന നിരവധി വിഷയങ്ങൾ ചിരിയുടെയും ചിന്തയുടെയും ചിന്തേരിട്ടു മിനുക്കി അവതരിപ്പിക്കുന്ന 36 കഥകളാണതിലുള്ളത്. ഇവയെല്ലാം കാഥിക കണ്ടെടുത്തിരിക്കുന്നത് തന്റെ നിത്യജീവിത പരിസരങ്ങളിൽ നിന്നാണ്.
തന്റെ ചുറ്റിലുമുള്ള ജീവിതങ്ങൾ, അവിടെ കണ്ടുമുട്ടുന്ന വ്യക്തികൾ, സമൂഹത്തിൽ നടക്കുന്ന കോപ്രായങ്ങളും വൈകൃതങ്ങളും, ആധുനിക ജീവിതത്തിലെ കപടനാട്യങ്ങൾ, പൊതുസമൂഹത്തിലെ ചില പുഴുക്കുത്തുകൾ തുടങ്ങിയ കാര്യങ്ങളെ ശ്രീമതി മേരി ജോസി ഒരു മൂന്നാം കണ്ണുകൊണ്ട് വീക്ഷിച്ച് അനുവാചകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കടന്നുപോകുന്നു എന്നതാണ് ഈ കൃതിയുടെ സവിശേഷത.
നർമ്മവീഥിയിലൂടെ സഞ്ചരിക്കുന്ന
ചിന്തോത്തേജക കഥകൾ.
ഡോ. രാധ കയറാട്ട് ഒറ്റപ്പാലം

Mary Josey Malayil, a native of Thiruvananthapuram, Kerala, is a talented writer with a rich family legacy. As the second daughter of T. R. Johny, retired Chief Engineer of the Kerala State Electricity Board, and the late Rosily Chirayath, sister of the renowned actor C. I. Paul, Mary was born on J...